ഐക്യദീപം

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപവുമായി ബന്ധപ്പെട്ട് വൈദ്യുതി ശൃംഖല തകരാറിലായി നമ്മളെല്ലാം ഇരുട്ടിലാകും എന്നുള്ള വാർത്തകൾ അതിവേഗത്തിൽ പരക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി യുടെ പേരിലും വ്യാജ സന്ദേശങ്ങൾ ഇറങ്ങുന്നുണ്ട്, ഒരുപാട് സുഹൃത്തുക്കൾ ഈ വിഷയത്തെ പറ്റിയുള്ള സത്യാവസ്ഥ അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഐക്യദീപവുമായി ബന്ധപ്പെട്ട് 9 മുതൽ11 വരെ മെഗാവാട്ടിന്റെ ഇടിവും 1Hz മുതൽ 1.2Hz വരെ ഫ്രീ‌ക്വൻസി വ്യതിയാനവും ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യക്ഷത്തിൽ രാജ്യമാകെ ഒരൊറ്റ വൈദ്യുതി ശൃംഖലയിൽ (One Nation One Grid) പ്രവർത്തിക്കുന്നതിനാൽ സാങ്കേതികമായി കഠിന പ്രയത്നത്തിലൂടെ ശൃംഖലയിൽ ഉണ്ടാകുന്ന മോശം reaction മറികടക്കാൻ കഴിയാമെങ്കിലും, ഇതുപോലൊരു അവസരത്തിൽ COVID19 പ്രതിരോധത്തെ അത് കാര്യമായി ബാധിക്കില്ലേ എന്നൊരു സംശയം ഉണ്ട്. വൈദ്യുതി വിളക്കുകൾ അണക്കാതെ മെഴുകുതിരികൾ കത്തിച്ചും മൊബൈൽ ടോർച്ചുകൾ തെളിച്ചും മറ്റുമാണ് ഐക്യദീപം ആഹ്വാനം ചെയ്തിരുന്നു എങ്കിൽ ഈ അവസരത്തിൽ അതു അനുചിതം ആകില്ലായിരുന്നു.

ഐക്യദീപവുമായി ബന്ധപ്പെട്ട് ഈ കാര്യങ്ങൾ മനസിലാക്കുക;
1. വൈദ്യുതി വിളക്കുകൾ മാത്രം അണച്ച് ഈ ഉദ്യമത്തിൽ അണിചേരാൻ ആണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.
2. തെരുവ് വിളക്കുകൾ ഇതുമായി ബന്ധപ്പെട്ട് അണക്കുന്നതല്ല.
3. വീടുകളിലെയും മറ്റും വൈദ്യുതി വിളക്കുകൾ ഒഴിച്ചുള്ള ഗാർഹിക ഉപകരണങ്ങൾ ഒന്നുംതന്നെ ഓഫ് ആക്കേണ്ടതില്ല.
4. ആശുപത്രികളിലെയും ആവശ്യസർവീസുകളുടെയും വൈദ്യുതി വിളക്കുകൾ അണക്കേണ്ട ആവശ്യമില്ല.

ലൈറ്റുകൾ ഒരുമിച്ചു ഓഫ് ആക്കുന്നത് വൈദ്യുതി ശൃംഖല തകരാറിലാക്കുമെന്ന് പ്രചരിക്കുന്ന വാർത്തയുടെ സാങ്കേതികവശം പരിശോധിക്കാം.

നമ്മൾ ഉപയോഗിക്കുന്നത് AC അഥവാ ആൾട്ടർനേറ്റിങ് കറണ്ട് ആണ്. അതായത് +ve വോൾട്ടേജും -ve വോൾട്ടേജും യഥാക്രമം ഇടവിട്ട് പ്രവാഹദിശ മാറുന്ന വൈദ്യുതി ആണ്. ഈ സ്പന്ദനത്തെ ആണ് നമ്മൾ വൈദ്യുതി ഫ്രീക്വൻസി എന്ന് പറയുന്നത്. അതായത് നമ്മുടെ വൈദ്യുതി ഒരു സെക്കന്റിൽ 50 തവണ ഇത്തരത്തിൽ സ്പന്ദിക്കുന്നതിനാൽ 50Hz എന്ന് പറയുന്നു.

നമ്മുടെ എല്ലാ വൈദ്യുതി ഉപകാരങ്ങളും 50Hz ൽ പ്രവർത്തിക്കുന്നതിനായി നിർമ്മിച്ചിട്ടുള്ളതാണ്, അതുകൊണ്ട് തന്നെ ഫ്രീക്വൻസി 50Hz ൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഒരു വൈദ്യുതി ശൃംഖലയിലെ (Power Grid) ഫ്രീക്വൻസി അതിലുള്ള വൈദ്യുതി ലഭ്യതയുടെയും (Availability) ആവശ്യകതയുടെയും (Demand) മാറ്റങ്ങളുമായി പൂർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് വൈദ്യുതി ശൃംഖലയിൽ വൈദ്യുതി ആവശ്യകത ശൃംഖലയിലെ വൈദ്യുതി ലഭ്യതയേക്കാൾ കൂടിയാൽ ഫ്രീക്വൻസി താഴുന്നതിനും, ആവശ്യകതയെക്കാൾ ലഭ്യത കൂടിയാൽ ഫ്രീക്വൻസി കൂടുന്നതിനും കാരണമാകും. ഐക്യദീപം വൈദ്യുതി ശൃംഖലയിൽ കഠിനമായതും തടസ്സങ്ങൾക് കാരണമാകുന്നതോ ആയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം

ഒരു നിശ്ചിത സമയത്ത് ഉണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങളെ കൃത്യമായി പരിഹരിക്കാൻ പലപ്പോഴും സജ്ജമാണ് നമ്മുടെ വൈദ്യുതിശൃംഖല. ഇത്തരം സന്ദർഭങ്ങൾ പലകാരണങ്ങൾ കൊണ്ടും വൈദ്യുതി ശൃംഖലയിൽ വല്ലപ്പോഴും ഉണ്ടാകാറുണ്ട്. വർഷത്തിൽ നമ്മൾ ആചരിക്കാറുള്ള ഭൗമ മണിക്കൂർ (Earth Hour) അതിന് ഒരു ഉദാഹരണം ആണ് (ഇതിനേക്കാൾ കൂടുതലായിരിക്കും ഐക്യദീപത്തിന്റെ പ്രതിഫലനം). എന്നാൽ ഇത്തരം അവസരങ്ങൾ സാധാരണഗതിയിൽ സാങ്കേതികമായി തന്നെ മറികടക്കാറുമുണ്ട്, അതുകൊണ്ട് തന്നെ ഇത്തരം ഏറ്റകുറച്ചിലുകൾ വൈദ്യുതി ശൃംഖല തകരാറിലാകുന്നതിനു സാധാരണയായി കരണമാകാറില്ല. എല്ലാ സമയത്തും വൈദ്യുതി ശൃംഖലയിൽ ഉണ്ടാകുന്ന വൈദ്യുതി ആവശ്യകതയും ലഭ്യതയും സ്റ്റേറ്റ് ലോഡ് ഡെസ്പാച്ഛ് സെന്റർ (SLDC ) അനുനിമിഷം പരിശോധിച്ച് മാറ്റങ്ങൾ വരുത്താറുണ്ട്.

വൈദ്യുതി ഫ്രീക്വൻസിയിൽ അനുവദിനീയം ആയ ഫ്രീക്വൻസി വ്യത്യാസം ~ +mn ~ 0.5Hz – അതിൽ കുറവും ആണ്. വൈദ്യുതി ശൃംഖലയിൽ മേൽ പ്രതിപാദിച്ച പ്രകാരം വൈദ്യുതിയുടെ ആവശ്യകത കൂടുമ്പോഴും കുറയുമ്പോഴും SLDC യുടെ വിശകലന-നിർദേശങ്ങൾ അനുസരിച്ച് വൈദ്യുതി ഉല്പാദന ജനറേറ്ററുകളിലെ ഗവർണ്ണൻസ് (Turbine Governor) അല്ലെങ്കിൽ വേഗത നിയന്ത്രണ ഉപകരണങ്ങൾ വഴി ഇവയുടെ വേഗത നിയന്ത്രിച്ച് ഉല്പാദനത്തിൽ മാറ്റം വരുത്താറുണ്ട്. ഉദാഹരണമായി, ശൃംഖലയിലെ വൈദ്യുതി ആവശ്യകത കൂടുന്നത് അനുസരിച്ച് ജനറേറ്ററുകൾ കുറഞ്ഞ വേഗത്തിൽ പ്രവർത്തിക്കുന്നു. ഈ അവസരത്തിൽ ടർബൈൻ ഗവർണ്ണറുകൾ ജനറേറ്ററുകൾ കൂടുതൽ വേഗതയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ നിദേശങ്ങൾ നൽകി വൈദ്യുതി ഉത്പാദനം വർധിപ്പിക്കുന്നു. ഇത്തരത്തിൽ ശൃംഖലയിലെ ആവശ്യകതയും ലഭ്യതയും വിവിധങ്ങളായി പരസപരം ബന്ധിപ്പിച്ചിട്ടുള്ള ജനറേറ്ററുകളുടെ പ്രവർത്തനം നിയന്ത്രിച്ചും ആവശ്യകതയ്ക്ക് അനുസരിച്ചു ദേശീയ വൈദ്യുതി ശൃംഖലയിൽനിന്നും ലഭ്യത ഉറപ്പുവരുത്തിയും വൈദ്യുതി ഫ്രീക്വൻസി എന്നും സ്ഥിരതയിൽ നിലനിർത്തും.

എന്നാൽ ഐക്യദീപം മൂലം രാജ്യമൊട്ടാകെ വിളക്കുകൾ അണയ്ക്കുമ്പോൾ, ഭൗമ മണിക്കൂറിനെക്കാൾ പലമടങ്ങ് അധികം ആഘാതം ആണ് നമ്മുടെ വൈദ്യുതി ശൃംഖലയിൽ ഉണ്ടാകുന്നത്. ഈ അവസരത്തിൽ വൈദ്യതി ശൃംഖലയ്ക്കുണ്ടാകുന്ന മോശം ആഘാതം എത്രത്തോളം ആണെന്നതും അതിനെ പ്രതിരോധിച്ച് വൈദ്യുതി നിലനിർത്തേണ്ടത് എത്രത്തോളം ബുദ്ധിമുട്ടുള്ളതും ആണെന്നും കഴിഞ്ഞ ചില അനുഭവങ്ങൾ പ്രകാരം പ്രവചനാതീതമാണ്. മറ്റു പല സംസ്ഥാനങ്ങളും ശക്തമായ വൈദ്യുതി നിയന്ത്രങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ വൈദ്യുതി ശൃംഖലയിൽ ഉണ്ടാകാനിടയുള്ള ആഘാതം കുറക്കേണ്ടത് കോവിഡ്19 പ്രതിരോധത്തിന് വളരെ അത്യാവശ്യമാണ്, ആയതിനാൽ വൈദ്യുതി വിളക്കുകൾ മാത്രം ഓഫ്‌ ആക്കുക, മറ്റു ഉപകരണങ്ങൾ ഓഫ്‌ ചെയ്യാതിരിക്കുക.

(PS: പരമാവധി വീടിനു പുറത്തുള്ള വൈദ്യുതി വിളക്കുകൾ മാത്രം ഓഫ്‌ ചെയ്താൽ ഇതുമൂലം ഉണ്ടാകാനിടയുള്ള സാങ്കേതിക പ്രശ്നങ്ങൾ കുറച്ചുകൊണ്ട് ഈ ഉദ്യമത്തിൽ പങ്കാളിയാകാം. തുടർന്ന് വൈദ്യുതി വിളക്കുകൾ വീണ്ടും പ്രവർത്തിപ്പിക്കുമ്പോൾ ഒരുമിച്ച് ON ചെയ്യാതെ ഓരോന്നിനും ഇടവേള നൽകി പ്രവർത്തിപ്പിക്കുക. അപൂർവ്വം സ്ഥലങ്ങളിൽ ചിലപ്പോൾ ശൃംഖലയുടെ സുരക്ഷയുടെ ഭാഗമായുള്ള വളരെ ചെറിയ സമയം മാത്രമുള്ള outage ഉണ്ടാകാം. ഇതൊക്കെ ശൃംഖലയിൽ ഒരു smooth transition ന് വേണ്ടി ഉള്ളതാണ്)

കണക്കുകൾ പ്രകാരം 300 മുതൽ 400 വരെ മെഗാവാട്ടിന്റെ ഏറ്റക്കുറച്ചിൽ പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും കേരളത്തിന്റെ ഊർജ്ജമായ കെ എസ് ഇ ബി നാടിന്റെ എല്ലായ്പ്പോഴെത്തെയും ആവശ്യകത നിറവേറ്റുന്നത് പോലെ ഇപ്പോഴും സുസജ്ജമാണ്.